ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്. നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്. ഫുട്ബോൾ മാത്രം..
എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ് ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്..
സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം ഇന്നലെ ആയുധം വെച്ചു കീഴടങ്ങി . 1978 മുതൽ സ്പെയിന്റെ ഉള്ളിൽ മറ്റൊരു രാജ്യമായി നിലനിൽക്കുകയാണ് ബാസ്‌ക്.. സ്പെയിനിനു വേണ്ടി കളിക്കുന്ന സാബി അലോൺസോ ബാസ്‌കുകാരൻ ആണ്.
8 തവണ സ്പാനിഷ് ചാമ്പ്യന്മാർ ആയ അത്ലറ്റികോ ബിൽബാവോ ബാസ്കുകാരെ സംബന്ധിച്ചിടത്തോളം ഒരു ഫുട്‍ബോൾ ക്ലബ് മാത്രമല്ല.ഒരു സംസ്കാരം കൂടിയാണ്.
"More than a club" എന്ന ബാഴ്‌സലോണയുടെ സ്ലോഗൻ തന്നെ കാറ്റലൻ പോരാട്ടത്തിന്റെ രാഷ്ട്രീയം കൂടിയാണ് വിളിച്ചോതുന്നത്. കാറ്റലൂണിയ രാജ്യത്തിന് വേണ്ടി 100 വർഷമായി പോരാടുന്ന ക്ലബ് ആണ് ബാഴ്‌സ.എല്ലാ ഹോം മത്സരത്തിലും 17:14 മിനിട്ട് ആയാൽ കാണികൾ കാറ്റലൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നത് 1714 ഇൽ നടന്ന കാറ്റലൻ - സ്‌പെയിൻ യുദ്ധത്തെ അനുസ്മരിച്ചു കൊണ്ടാണ്..
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയ, ഫ്രാൻസിലേക്ക് ഒരുപാട് പോരാളികളെ റിക്രൂട്ട് ചെയ്തിരുന്നത് അന്നത്തെ ലീഗിൽ കളിച്ചിരുന്ന കളിക്കാരുടെ രൂപത്തിൽ ആയിരുന്നത്രേ..
കൊളോണിയൽ ശക്തികൾക്കെതിരെ ഫുട്‍ബോൾ കൊണ്ട് മറുപടി പറഞ്ഞ ഒരു കഥ പറയാനുണ്ട്, നമ്മുടെ സ്വന്തം മോഹൻ ബഗാൻ ടീമിനും.
1911 ഇൽ IFA ഷീൽഡ് കിരീടത്തിനു മത്സരിച്ചപ്പോൾ ഇംഗ്ലീഷുകാർ കളിയാക്കി.
ഞങ്ങളെപ്പോലെ ഫുട്‍ബോൾ കളിച്ചു ജയിക്കാനൊന്നും ഇന്ത്യക്കാർ വളർന്നിട്ടില്ല എന്നായിരുന്നു അവരുടെ അവകാശ വാദം.
IFA ഷീൽഡ് കിരീടം നേടി ഞെട്ടിച്ചു കൊണ്ടാണ് ബഗാൻ അതിനു മറുപടി കൊടുത്തത്..
മധ്യേഷ്യൻ രാജ്യങ്ങളിൽ നടന്ന മുല്ലപ്പൂ വിപ്ലവത്തിലും ക്ലബ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വലിയ പങ്കുണ്ട്..
രാഷ്ട്രീയ ഒത്തു ചേരലുകൾ നിരോധിക്കപ്പെടുമ്പോൾ വിപ്ലവകാരികൾ ഒത്തു ചേർന്നത് ഫുട്‍ബോൾ മത്സരങ്ങളിലാണ്.. ഈജിപ്തിൽ അഹ്ലവി, സമാലിക് ക്ലബുകൾ ആണ് ഇതിൽ മുന്നിലുണ്ടായിരുന്നത്. തഹ്‌രീർ ചത്വരത്തിൽ നടന്ന റാലികളിൽ ആളുകളെ കൂട്ടാൻ മുൻ ദേശീയ ഗോളി നാദിർ സയീദ് ഒക്കെ വലിയ പങ്ക് വഹിച്ചു..
2011 ജൂണിൽ ബഹ്‌റൈനിൽ നടന്ന ഫുട്‍ബോൾ മത്സരങ്ങൾക്കിടെ protest ചെയ്തതിനു റഫറിമാരെയും കളിക്കാരെയും പിടികൂടുന്നതിനെ പറ്റി ബഹ്‌റൈൻ ഫുട്‍ബോൾ ഫെഡറേഷനോട് ഫിഫ വിശദീകരണം തേടി. ബഹ്‌റൈനെ പുറത്താക്കുന്നതിന്റെ വക്കു വരെ എത്തി..
സിറിയയിലെ ഹോംസിൽ അസദിനെതിരെ ഉള്ള ശബ്ദമായി മുന്നോട്ടു വന്നത് ദേശീയ ക്ലബ് ആയ അൽകരാല ക്ലബ് ആണ്..
നാല് വർഷം കൂടുമ്പോൾ കവലകളിൽ ഉയരുന്ന ഫ്ളക്സുകൾ മാത്രമല്ല ഫുട്‍ബോൾ. റോമിലെ കൊളോസിയത്തിൽ സീസറിന്റെ Games എങ്ങനെയായിരുന്നോ അതിനെക്കാൾ ഒരു പടി മേലെയാണ് ഫുട്ബോളിനു രാഷ്ട്രീയത്തിൽ ഉള്ള സ്ഥാനം.
സ്റ്റേഡിയത്തിൽ മുഴങ്ങുന്ന ആർപ്പു വിളികൾ കളി ജയിക്കാനെന്ന പോലെ ദശാബ്ദങ്ങളും
നൂറ്റാണ്ടുകളും നീണ്ട പോരാട്ടങ്ങൾ വിളിച്ചു പറയാൻ കൂടിയാണ്.
ന്യൂകാമ്പിൽ പാറിപ്പറക്കുന്ന കാറ്റലൻ പതാകകൾ വിളിച്ചു പറയുന്ന പോലെ.. <3
-- Saneen Bin Nasrullah --

Comments
Post a Comment