Skip to main content

അബട്ടാബാദ് കടന്ന് ഗ്വാണ്ടനാമോക്ക്‌ മുന്നിലൂടെ ഐസിയിലേക്ക്..

വിചിത്രമായിരുന്നു ഞങ്ങൾ താമസിച്ച പല ഹോസ്റ്റലുകളുടെയും പേരുകൾ.കൊടുങ്കാറ്റും വൈഫൈയുമൊക്കെയായിരുന്നു കോളേജിൽ ചേരുന്ന സമയത്ത് ഉണ്ടായിരുന്ന പ്രധാന ഹോസ്റ്റലുകൾ. ഞങ്ങൾ വന്ന ശേഷം പുതിയ ചില ഹോസ്റ്റലുകൾ ഉണ്ടായി.




അതിലൊന്നായിരുന്നു രസ്താനും കൂട്ടരും താമസിച്ചിരുന്ന 'ഗ്വാണ്ടനാമോ'..!
ഗ്വാണ്ടനാമോ എന്ന പേരിനു പിന്നിൽ പല ഐതിഹ്യങ്ങളും ഉണ്ട്.
ഐസിയിൽ നിന്ന് അര മണിക്കൂർ നീണ്ട യാത്ര. പട്ടി ശല്യം. വിജനമായ സ്ഥലത്തുള്ള കിടപ്പ്. ഇതൊക്കെ മതിയായിരുന്നു ഗ്വാണ്ടനാമോക്ക് ആ പേരു വരാൻ.
പിന്നീട് അവിടെ താമസിച്ചവന്മാർ ഒരുമിച്ചു കോളേജിനും ഐസിക്കും അടുത്തുള്ള നല്ലൊരു ഹോസ്റ്റലിലേക്ക് താമസം മാറിയപ്പോൾ പുതിയ ഹോസ്റ്റലിനും ആ പേര് കിട്ടി. ഗ്വാണ്ടനാമോ.!!
ഗ്വാണ്ടനാമോക്ക് തൊട്ടടുത്ത ഹോസ്റ്റലിന് അബട്ടാബാദ് എന്ന പേര് വീണത്, ഉസാമ ബിൻ ലാദൻ അബട്ടാബാദിൽ വെച്ചു വധിക്കപ്പെട്ടപ്പോഴാണ്.
ഫസ്റ്റ് ഇയറിൽ ഐഡിയൽ ഹോസ്റ്റലിൽ താമസിക്കുന്ന അവസാന കാലത്താണ് 'കോളേജ് ഹോസ്റ്റലിൽ ഒന്ന് പോയി താമസിച്ചാലെന്താ കുഴപ്പം' എന്ന ചിന്ത മുളക്കുന്നത്.അടുത്ത സുഹൃത്തുക്കളായ അഖിൽ,താജു,റഫീഖ് എന്നിവർ ഹോസ്റ്റലിൽ പോകാൻ തീരുമാനിച്ചതോടെ ഐസിയിലെ അമീറിൻ്റെ മുന്നറിയിപ്പിനെ വകവെക്കാതെ കോളേജ് ഹോസ്റ്റലിലേക്ക് ചേക്കേറാൻ ഞങ്ങൾ തീരുമാനിച്ചു.
കോളേജ് ഹോസ്റ്റൽ ആ സമയത്തു റാഗിംഗിൻ്റെ കൂടാരം ആയിരുന്നു.പലരും മുന്നറിയിപ്പ് നൽകിയെങ്കിലും അതെല്ലാം അവഗണിച്ചു കോളേജ് ഹോസ്റ്റലിൽ ചേരാനുള്ള ഫോം നൽകി.
3 ബാഗുകളും ഒരു ബക്കറ്റും ഒരു ബെഡ്ഡും തൂക്കിപിടിച്ചാണ് ഞാൻ MH ഇൽ കയറി ചെല്ലുന്നത്. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ MH കാണപ്പെട്ടു. എന്തൊരു ശാന്തത എന്ന് ആത്മഗതം ചെയ്ത് ബാഗ് തൂക്കിപ്പിടിച്ചു നടന്ന ക്ഷീണം തീർക്കാൻ കട്ടിലിൽ ബെഡ് വിരിച്ചുറങ്ങി.
ഏകദേശം മഗ്‌രിബ് സമയം ആയപ്പോൾ ആണ് എഴുന്നേറ്റത്. ഒന്ന് കുളിച്ചാലോ എന്ന ചിന്തയിൽ ബക്കറ്റ് എടുക്കാൻ കൈ നീട്ടിയപ്പോൾ ബക്കറ്റ് കാണാനില്ല.
മോഷ്ടിക്കപ്പെട്ടിരിക്കുന്നു.!
എന്റെ ബക്കറ്റ് കണ്ടോ എന്ന് ചോദിയ്ക്കാൻ തൊട്ടടുത്ത റൂമിൽ ചെന്ന് നോക്കിയപ്പോളാണ് അവിടെ അപ്പോൾ വരെ ഉണ്ടായിരുന്ന ശാന്തതയുടെ കാരണം മനസ്സിലായത് .ഹിന്ദിക്കാർ ഒഴികെയുള്ള എല്ലാ ഫസ്റ്റ് ഇയർ വിദ്യാർത്ഥികളും നിരന്നു നിൽക്കുന്നു.ചിലർ തേങ്ങി തേങ്ങി കരയുന്നുണ്ട്. ചിലർ തല കുമ്പിട്ടു നിൽക്കുന്നു.
ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി.
വന്നു കേറിയ ദിവസം തന്നെ ഇതിൽ ചെന്ന് ചാടിയാൽ ഉള്ള സ്ഥിതിയോർത്ത് ആരും കാണാതെ അകന്ന ബന്ധു കൂടിയായ ഒരു ആന്തമാൻകാരൻ്റെ റൂമിൽ പോയി ഒളിച്ചു.
മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോൾ പതുക്കെ പുറത്തിറങ്ങി റൂമിൽ പോയി നമസ്കരിച്ചു. സീനിയേഴ്സ് മുഴുവൻ സ്ഥലം കാലിയാക്കിയിരിക്കുന്നു.പക്ഷെ ബാച്ചിൽ ഉള്ളവർ ആരും മിണ്ടുന്നില്ല. പുതുതായി വന്ന എന്നെ പരിചയപ്പെടാൻ പോലും ആരും കൂട്ടാക്കുന്നില്ല. എല്ലായിടത്തും എന്തെന്നില്ലാത്ത ഭയവും നിശബ്ദദയും.അപ്പോഴും എന്റെ ചിന്ത മുഴുവൻ ബക്കറ്റിലായിരുന്നു.
എന്റെ നീല ബക്കറ്റും തപ്പി ഞാൻ പുറത്തിറങ്ങി.
ജീവിതത്തിൽ ഇന്നേ വരെ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു ആ ബക്കറ്റ് തപ്പൽ.
ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക്. അവിടെ നിന്നും വേറൊരു റൂമിലേക്ക്.ഡാൻസ്, പാട്ട് കുച്ചിപ്പുടി തുടങ്ങി അനേകം കലാരൂപങ്ങൾ ജീവിതത്തിൽ ആദ്യമായി ചെയ്തത് അന്നാണ്.
'ചൊറി' എന്ന കലയുടെ വ്യത്യസ്ത രൂപങ്ങൾ..
ഒരു റൂമിൽ ചെന്നപ്പോൾ ഒരുത്തൻ ഒരു സ്വിച്ച് ബോർഡിലേക്ക് കയ്യും നീട്ടി ഷോക്കടിച്ച പോലെ നിൽക്കുകയാണ്.ഞാനൊന്ന് ഞെട്ടി. ശരിക്കും നോക്കി. ഷോക്കടിച്ചതല്ല. ഷോക്കടിച്ച പോലെ അനങ്ങാതെ നിൽക്കുകയാണ്.
മറ്റൊരു സ്ഥലത്തു വലിയ കൊട്ടും മേളവും നടക്കുകയാണ്. നടുവിൽ ഒരു തീ കൂട്ടി ചിലരെ കൊണ്ട് ആദിവാസി ഡാൻസ് കളിപ്പിക്കുകയാണ്. എൻ്റെ തലയിൽ ഒരു സ്റ്റീൽ ഗ്ളാസ് പ്രതിഷ്ഠിക്കപ്പെട്ടു.ഒറ്റക്കാലിൽ നിന്ന് കുച്ചിപ്പുടികളിക്കുക എന്നതായിരുന്നു എൻ്റെ കർത്തവ്യം.നിലത്തു കാലു കുത്തിയാലുടൻ തലങ്ങും വിലങ്ങും മർദനമാണ്.
കൊണ്ട് വന്ന ബാഗിൽ നിന്നും ഓരോ ദിവസങ്ങൾ ഓരോ സാധനങ്ങൾ നഷ്ടപ്പെടാൻ തുടങ്ങി. അയ്യായിരത്തിന് അടുത്തുള്ള തുക പല അവസരങ്ങളിലായി മോഷണത്തിന്റെയും പിടിച്ചുപറിയുടെയും രൂപത്തിൽ നഷ്ടപ്പെട്ടു.
നാട്ടിലും,പലപ്പോഴും കോളേജിലും പോകാൻ കഴിയാതെ അടിമപ്പണി ചെയ്യുക എന്നതായിരുന്നു ജീവിതത്തിൽ ആകെ നടന്നിരുന്നത്. കട്ടിലിനടിയിൽ ആണ് ഉറങ്ങാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും കിടന്നിരുന്നത്. അതിനും സാധിച്ചില്ലെങ്കിൽ ക്ലാസിൽ പോയി പിൻബെഞ്ചിൽ പോയിരുന്ന് ഉറങ്ങും.
അങ്ങനെ ഇരിക്കെയാണ് ഒരു രാത്രി 12 മണിക്ക് 'ദിശ' എന്ന പരിപാടിക്ക് വേണ്ടി ഡാൻസ് ടീമിൽ നിർബന്ധിത അംഗത്വം എനിക്ക് ലഭിക്കുന്നത്. ഡാൻസ് പരിശീലനം എന്ന് പറഞ്ഞാൽ സീനിയേഴ്‌സിന്റെ ചാകരയാണ്.അവിടെ നടക്കുന്നത് പരിശീലനം ഒന്നും ആയിരുന്നില്ല.
'ചൊറി' ഏറ്റവും ഫലപ്രദമായി ചെയ്യാനുള്ള ഒരു ഉപാധിയായിരുന്നു ഡാൻസ് പരിശീലനം.ഏകദേശം ഒരു മാസത്തോളം ഉറങ്ങാൻ പോലും പറ്റാതെ ആകെ ക്ഷീണിച്ചിരിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. എങ്ങനെയെങ്കിലും മുങ്ങാൻ ഞാൻ തീരുമാനിച്ചു.
കട്ടിലിനടിയിൽ പഴയ കുറച്ചു പത്രങ്ങൾ കൂട്ടിയിട്ടു.
പത്രങ്ങളുടെ പിന്നിൽ ബാഗുകൾ. അതിനു പിന്നിൽ ബെഡ്ഡ്. ഒരു ചെറിയ പായ്ക്കുള്ളിൽ ഞാൻ എന്നെതന്നെ ആവരണം ചെയ്തു ചുരുണ്ടു കൂടി കിടന്നു. വല്ലാതെ ദേഹംവേദനിക്കുന്നുണ്ടായിരുന്നു.
എങ്കിലുംഅക്രമത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുറെ നേരം സഹിച്ചു കിടന്നു.
സീനിയേഴ്സ് പറഞ്ഞു വിട്ടതനുസരിച്ച് എൻ്റെ ബാച്ചുകാർ ഓരോരുത്തർ ആയി റൂമിൽ തിരഞ്ഞു വരാൻ തുടങ്ങി.ഒരു മണിക്കൂർ സമയം നിർത്താതെയുള്ള അന്വേഷണം. പുറത്തു മുഴുവൻ ആളുകൾ കാവൽ നിൽക്കുകയാണ്. ഒരു രക്ഷയും ഇല്ല പുറത്തു കടക്കാൻ.
അല്പം കഴിഞ്ഞപ്പോൾ മട്ടുമാറി. പിന്നെ സീനിയേഴ്സ് തന്നെ നേരിട്ടെത്തി അന്വേഷണമായി. ഒരാൾ വന്നു വാതിൽ ചവിട്ടി പൊട്ടിച്ചു കളഞ്ഞു. ചിലർ കട്ടിലിനടിയിൽ നോക്കി. ആരോ തൊട്ടടുത്ത് വരെ വന്നു നോക്കിയപ്പോൾ എനിക്ക് ഗുഹയിൽ പ്രവാചകൻ ഒളിച്ചിരുന്ന ചരിത്രം ഓർമ്മ വന്നു.
ഒരു പാട് സമയത്തിന് ശേഷം ആളുകളുടെ വരവ് നിന്നു.
പ്രാർത്ഥനയോടെ മെല്ലെ പുറത്തേക്കിറങ്ങി. ഭാഗ്യമെന്നു പറയട്ടെ, അപ്പോൾ ആരും അവിടെയുണ്ടായിരുന്നില്ല. നേരെ ഐസിയിൽ പോയി കിടക്കുക ആയിരുന്നു ലക്‌ഷ്യം. പക്ഷെ, സുബഹി സമയം ആവാത്തതിനാൽ ഐസി തുറന്നിട്ടില്ല.
ശ്രീകാര്യം പള്ളിയിൽ കിടക്കാമെന്നു വെച്ചു ശ്രീകാര്യത്തേക്കു നടന്നു. പോകുന്ന വഴിയിൽ മദ്യപാനികളായ ആളുകളും പട്ടികളുമൊക്കെ അങ്ങനെ നടക്കുന്നുണ്ട്. ചെറിയ പേടി തോന്നിയെങ്കിലും ഒരു വിധേന ശ്രീകാര്യം പള്ളിയിൽ എത്തി.അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു ഒരു കിടത്തം.
അൽപ സമയം കഴിഞ്ഞപ്പോൾ ആരോ തട്ടിയുണർത്തി. മുക്രിയാണ്.
"ആരാ, എന്താ?. ഇവിടെ കിടക്കാൻ പറ്റില്ല"
ഞാൻ നടന്നതെല്ലാം പറഞ്ഞപ്പോൾ മുക്രി മദ്രസ്സയുടെ ഉള്ളിൽ കിടക്കാൻ ഒരു സ്ഥലം ശരിയാക്കി തന്നു.
രാവിലെ 7 മണി സമയത്തൊക്കെ ഹോസ്റ്റലിൽ എല്ലാവരും ഉറക്കമായിക്കാണും.ആ തക്കം നോക്കി മെല്ലെ ഹോസ്റ്റലിൽ കയറി ക്ലാസിൽ പോകാനുള്ള സാധനങ്ങൾ എല്ലാം എടുത്തു രക്ഷപ്പെട്ടു.
എന്നാൽ ക്ളാസിലെത്തിയപ്പോൾ അടുത്ത സുഹൃത്തുക്കൾ പോലും വളരെ ദേഷ്യത്തോടെ എന്നെ നോക്കുന്നു.
ചിലർ തെറി വിളിക്കുന്നു. എന്താണ് കാര്യമെന്ന് മനസ്സിലാകുന്നില്ല. അവർ എന്നെ വിളിച്ച ഒരു പേര് ഞാൻ വായിച്ചെടുത്തു.
"സ്‌കൂട്ടൻ"!!
എന്ന് പറഞ്ഞാൽ മുങ്ങിയവൻ..
വൈകുന്നേരം ആയപ്പോൾ എന്നെ ചിലർ പിന്തുടരുന്നതായി എനിക്ക് മനസ്സിലായി.
എൻ്റെ ബാച്ചുകാർ ഓരോരുത്തരായി വന്നു. പെട്ടെന്ന് തന്നെ MH ഇലേക്ക് എത്താനും സീനിയേഴ്സ് എല്ലാവരും കാത്തുനിൽക്കുന്നു എന്നും ഉപദേശിച്ചു പോയി. ചിലരുടെ സംസാരങ്ങളിൽ നിന്നും അവർക്ക് എന്നോടുള്ള ദേഷ്യത്തിന് കാരണം മനസ്സിലായി. ഞാൻ മുങ്ങിയതിൻ്റെ ശിക്ഷ മുഴുവൻ അനുഭവിച്ചത്‌ അവരായിരുന്നു.
എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞിട്ട് എന്തെങ്കിലും കള്ളക്കഥ പറഞ്ഞു തിരിച്ചു MH ഇൽ കേറാം എന്ന തീരുമാനത്തോടെയായിരുന്നു ഐസിയിലെ സുഹൃത്തായിരുന്ന ഷിഹാബും കൂട്ടരും താമസിച്ചിരുന്ന നാരായണവിലാസം എന്ന ഹോസ്റ്റലിൽ ഒളിവിൽ താമസിക്കാൻ ചെന്നത്.ഒരു കൊച്ചുമുറിയിൽ നാല് പേർ.
അതായിരുന്നു നാരായണ വിലാസം ഹോസ്റ്റൽ..
എന്നാൽ ഓരോ ദിനം കൂടുംതോറും MHകാർക്കു ദേഷ്യം വർധിച്ചു വരുന്നത് കണ്ടു.കൂടുതലും ബാച്ചുകാർക്കായിരുന്നു ദേഷ്യം .
ഞാൻ നാരായണ വിലാസത്തിൽ താമസിക്കുന്ന വിവരം ചിലർ അറിഞ്ഞു. എന്നെ തേടി ചിലരെത്തിയപ്പോൾ ബാത്‌റൂമിൽ ഒളിച്ചു.അങ്ങനെ ഇരിക്കെയാണ് MH ഇലെ വേറെ ചിലരും എൻ്റെ പാത പിന്തുടർന്ന് അവിടെ അഭയം തേടി വരാൻ തുടങ്ങിയത്.
ആ ചെറിയ മുറിയിൽ 10 പേർ വരെ അന്തിയുറങ്ങിയ ദിവസങ്ങൾ ഉണ്ട്.
നാരായണവിലാസം ഹോസ്റ്റലിനു അഭയാർത്ഥി ക്യാമ്പ് എന്നൊരു പേര് ലഭിക്കുന്നത് അങ്ങനെയാണ്.
ഒരിക്കൽ MHഅഭയാർത്ഥികൾക്ക് കിടക്കാൻ വേണ്ടി അവിടത്തെ താമസക്കാർ താഴെ നിലത്തു കഷ്ടപ്പെട്ട് കിടക്കുന്ന ഒരു രംഗം ഓർക്കുന്നു.
മനസ്സിൽ വല്ലാത്ത വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി.
ഇപ്പോൾ MH ഇൽ തിരിച്ചു പോയാൽ വല്ലാത്ത ഒറ്റപ്പെടുത്തൽ ആവും ഞാൻ അനുഭവിക്കാൻ പോകുന്നത്.
നാരായണ വിലാസത്തിൽ ആ കൊച്ചു മുറിയിൽ ഷിഹാബും ജസീലും അൽഫാസും അഷ്റഫുമെല്ലാം സ്വന്തം ആവശ്യം ത്യജിച്ചു ഞങ്ങളെ സഹായിച്ചത് വളരെ ചുരുങ്ങിയ കാലത്തെ ഐസി ജീവിതം നൽകിയ സൗഹൃദത്തിന്റെ പേരിലാണ്. ലോകത്തു വേറെവിടെ ചെന്നാലും തിരിച്ചു കിട്ടാത്ത ആ സ്നേഹം കോളേജ് ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെട്ടു കൂടാ എന്ന തിരിച്ചറിവിൽ നിന്നാണ് MH വിട്ട് വീണ്ടും പഴയ ഐസി സുഹൃത്തുക്കളുടെ കൂടെ തന്നെ താമസിക്കാൻ തീരുമാനിച്ചത്.
ഒന്ന് രണ്ടു ഹോസ്റ്റലിൽ മാറി താമസിച്ച ശേഷം അവസാനം കുപ്പിക്കണ്ടം ഹോസ്റ്റലിൽ സ്ഥിരതാമസമാക്കി.
കുപ്പിക്കണ്ടം ഹോസ്റ്റലിൽ നിന്നും അബട്ടാബാദ്,ഗ്വാണ്ടനാമോ,ബ്രദേഴ്‌സ് ഹോസ്റ്റലുകൾ കയറി ഇറങ്ങി ആണ് ഓരോ തവണ പോകുമ്പോഴും ഐസിയിൽ എത്തിച്ചേരുന്നത്
അബട്ടാബാദിൽ മിക്ക ദിവസങ്ങളിലും ഫുട്‌ബോൾ കാണാൻ ഇരിക്കുന്ന ഇംതിയാസ്‌ ആണ് ശ്രദ്ധാകേന്ദ്രം.
ഇംതിയാസ്‌ ഏതു ടീമിനെ സപ്പോർട്ട് ചെയ്തോ ആ ടീം തോൽക്കും എന്നായിരുന്നു നിയമം.
ഇംതിയാസിന്റെ ഫുട്‍ബോൾ ബഡായി കേട്ട് അൽപ സമയം കഴിഞ്ഞാൽ മെല്ലെ ഗ്വാണ്ടനാമോയിലേക്ക്. ഗ്വാണ്ടനാമോ ബഡായിയുടെ മറ്റൊരു തടവറയാണ്. മതതാരതമ്യ പഠനം ആണ് മിക്ക സമയത്തെയും വിഷയം. ഭൂമിക്ക് മുകളിൽ,ആകാശത്തിന് കീഴിൽ ഉള്ള ഏതു വിഷയവും കീറി മുറിക്കപ്പെടും. ബഡായി മൂർധന്യാവസ്തയിൽ എത്തുമ്പോൾ ബാങ്ക് കൊടുക്കും. ബാങ്ക് കൊടുത്താൽ നേരെ ഐസിയിലേക്ക്.
മറ്റു ഹോസ്റ്റലുകളിൽ ഉള്ള ആളുകളെ കാണുന്നതും സൗഹൃദം പുതുക്കുന്നതും ഐസിക്കുള്ളിൽ വെച്ചാണ്.
ഐസിക്കുള്ളിൽ രൂപപ്പെട്ട ആ ബോണ്ട് ജീവിതത്തിൽ മറ്റൊരിടത്തു നിന്നും കിട്ടാത്ത ഒന്നാണ്. . മൂന്നു വർഷം കഴിഞ്ഞിട്ടും ലോകത്തു പല രാജ്യങ്ങളിലുംചിതറിക്കിടക്കുന്ന ഞങ്ങൾക്കിടയിൽ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന സൗഹൃദം ഐസിയിൽ നിന്ന് രൂപപ്പെട്ടതല്ലാതെ വേറൊന്നില്ല.
ഓരോ ഐസിക്കാരന്റെയും ബയോളജിക്കൽ ക്ളോക്ക് സെറ്റ് ചെയ്യപ്പെട്ടത് ഐസിയിലെ ഓരോ വക്തുകൾ ചേർന്നാണ്. ഓരോ വക്തുകളും ഓരോ ജീവിതാനുഭവങ്ങളും.
സൗഹൃദത്തിനും കളിതമാശകൾക്കുമിടയിലും അമീറിനെ അനുസരിക്കുക എന്നതിലാണ് ഐസിയുടെ ബർക്കത് നിലനിൽക്കുന്നത്. അമീർ നമ്മെക്കാൾ പ്രായമുള്ളവർ ആയാലും സമപ്രായക്കാർ ആയാലും പ്രായം കുറഞ്ഞവർ ആയാലും അമീറിനെ അനുസരിക്കുക എന്ന അലിഖിത നിയമം ഓരോരുത്തരുടെയും ഹൃദയത്തിന്റെ കോണിൽ എവിടെയോ കോറിയിടപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഡസൻ കണക്കിന് വരുന്ന മതസംഘടനകൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരുമയുടെയും സഹവർത്തിത്തത്തിന്റെയും ഈ ചരിത്രം പറയാൻ സാധിക്കുന്ന വേദികളിലെല്ലാം ആവേശത്തോടെ ഇപ്പോഴും ഞങ്ങൾ ഓരോരുത്തരും പറയാറുണ്ട്.
കഥകളിൽ മാത്രം വായിച്ചു പരിചയിച്ച,അത്ഭുതപ്പെടുത്തിയ ചില വ്യക്തിത്വങ്ങളെ ഐസി ജീവിതത്തിൽ പലപ്പോഴായി കണ്ടിട്ടുണ്ട്.
ജീവിതത്തിൽ കുറെ കാലത്തോളം നമസ്കരിച്ച ചരിത്രം ഓർമയില്ല എന്ന് പറഞ്ഞ ഒരു സുഹൃത്ത് ഒരിക്കൽ തൻ്റെ അനുഭവം വിവരിക്കുകയുണ്ടായി.
ഐസിയിൽ വരുമ്പോൾ നാല് നേരം ഭക്ഷണം കഴിക്കുക എന്നൊരു ലക്ഷ്യമായിരുന്നു അവനുണ്ടായിരുന്നത്.ഐസിയിൽ നിന്ന് രൂപപ്പെട്ട സൗഹൃദങ്ങളിൽ നിന്നാണ് അവൻ നിർബന്ധിതനായി നമസ്കരിക്കാനും നോമ്പ് നോൽക്കാനുമൊക്കെ തുടങ്ങിയത്. ഇസ്‌ലാമിന്റെ മാധുര്യം അനുഭവിച്ചു തുടങ്ങിയപ്പോൾ പിന്നെ അതൊരു ആവേശമായി. അത് അവന്റെ ജീവിതത്തെ തന്നെ മാറ്റിക്കളഞ്ഞു.
ഐസി നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് നാം പോലുമറിയാതെയാണ്.
മറ്റു കോളേജുകളിൽ പഠിക്കുന്ന ആളുകളോട് ബീടെക് ജീവിതത്തിലെ നർമവും സന്തോഷവുമെല്ലാം ചർച്ച ചെയ്യുമ്പോൾ അതിലൊരിക്കൽ പോലും പള്ളിയും നമസ്കാരവും നോമ്പുമൊന്നും ഒരു അനുഭവമായി ചർച്ചക്ക് വരാറേയില്ല.
എന്നാൽ ഐസിയോട് ചേർന്ന് ജീവിച്ച ഒരാൾക്ക് പിന്നോട്ട് തിരിഞ്ഞു ചിന്തിക്കുമ്പോൾ അവിടെ നിർവഹിച്ച ഓരോ വഖ്ത്ത് നമസ്കാരങ്ങളും ഓരോ നോമ്പ് തുറയും ഓരോ MONDAY മീറ്റിങ്ങുകളും ബിടെക് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓരോ അനുഭവങ്ങളാണ്.
Placement സമയത്ത് ഐസി മെസ് നടത്തിയ രീതി വിവരിച്ചു ജോലി നേടിയ ഒന്നിലധികം പേരെ എനിക്കറിയാം.
ഐസി കമ്മിറ്റിയിലെ മെസ് എം ഡി സ്ഥാനം കൊണ്ട് നേടിയെടുത്ത നേതൃഗുണം ഒരു സുഹൃത്തിനെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വരെ എത്തിച്ച ചരിത്രം ഞങ്ങളുടെ ബാച്ചിനുണ്ട്.
ഐസിയിൽ നിന്നും പിരിഞ്ഞ ശേഷവും ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തെയും കരിയറിനെയും ഐസിയിൽ നിന്നു രൂപപ്പെടുത്തിയെടുത്ത ബന്ധങ്ങൾ ഇന്നും സ്വാധീനിച്ചു കൊണ്ടേയിരിക്കുകയാണ്.
ഈ സുകൃതം ചെയ്ത സ്ഥാപകർക്ക്‌ തിരിച്ചു നൽകാൻ മനസ്സ് നിറഞ്ഞ പ്രാർത്ഥനകൾ മാത്രം..

Comments

Popular posts from this blog

വജ്ദ : സൗദി നിർമിത സ്ത്രീപക്ഷ സിനിമ

ഏകദേശം 7 വർഷം മുമ്പ് കണ്ട സിനിമയാണ്.. 2000 കാലഘട്ടത്തിലെ സൗദി അറേബ്യ പശ്ചാത്തലമാക്കി 'ഹൈഫ മൻസൂർ' എന്ന വനിത നിർമിച്ച ഒരു സ്ത്രീപക്ഷ ചിത്രമായി വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും,  മൊത്തത്തിൽ ഒരു നല്ല സിനിമയെന്ന നിലയിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.. മൊത്തത്തിലുള്ള രാഷ്ട്രീയവും വലിയ കുറ്റം പറയാവുന്ന രീതിയിലല്ല.. സ്കൂളിൽ നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കുകയും അതിൽ നിന്നും ലഭിക്കുന്ന സമ്മാനത്തുക കൊണ്ട്  സ്വന്തമായി സൈക്കിൾ വാങ്ങാനുള്ള ആഗ്രഹവുമായി നടക്കുന്ന 'വജ്ദ' എന്ന ബാലികയുടെ കഥയാണ് ചിത്രം പറയുന്നത്. പൂർണമായും സൗദി അറേബ്യയിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ചിത്രമാണ്.. സലഫികൾക്ക് കാണാമോ എന്ന് ചോദിച്ചാൽ, അത്യാവശ്യം ടി വി ന്യൂസും യൂറ്റൂബ് പ്രോഗ്രാമും ഒക്കെ  കാണുന്ന സലഫികൾക്ക് ധൈര്യമായി കാണാം. ഹറാം എലമെന്റ് കുറവാണ്.. 🙂🙂

സെബുന്നീസയുടെ കഥ

ഔറംഗസേബിനു ഒരു പുത്രി ഉണ്ടായിരുന്നു; സെബുന്നീസ. ഏഴാം വയസ്സിൽ ഖുർആൻ മന:പാഠമാക്കിയ സെബുന്നിസ കവിതകൾ എഴുതാൻ തുടങ്ങി. ഔറംഗസേബ് സെബുന്നിസയെ കവിത എഴുതുന്നതിൽ നിന്നും വിലക്കി. മറ്റു പെണ്ണുങ്ങളെ പോലെ ആയിരുന്നില്ല സെബുന്നിസ . രാജകുമാരിയായിട്ടും ആഭരണങ്ങളോട് പോലും വലിയ താല്പര്യം കാണിച്ചില്ല സെബുന്നിസ. വസ്ത്ര ധാരണത്തിൽ പോലും ലാളിത്യം കാണിച്ചു. ദൈവ വിശ്വാസത്തിൽ നിന്നും ജനക്ഷേമത്തിൽ നിന്നും അകന്നു നിന്ന് മാർബി ൾ കല്ലറകൾ ഉണ്ടാക്കിയവരെ അച്ഛനെന്നോ മകനെന്നോ നോക്കാതെ തുറുങ്കിലടച്ച ഔറംഗസേബിനെ ചരിത്രമെഴുതിയവർക്കാർക്കും ഇഷ്ടമില്ലാത്തത് സ്വാഭാവികം. ഔറംഗസേബ് കണ്ണഞ്ചിപ്പിക്കുന്ന മാളികകൾ പണിതില്ല. മിഥ്യയായ എല്ലാം വെറുത്തു. സ്വന്തം മകളുടെ കവിതയെ പോലും. സെബുന്നിസയുടെ വിശ്വാസം പോലും ഉപ്പയെ പോലെ ആയിരുന്നില്ല. ഉപ്പ തികഞ്ഞ ഇസ്ലാമിക വിശ്വാസി.ചിലരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ഓർത്തോഡോക്സ്. സെബുന്നീസയുടെ പാത അക്ബറിനെ പോലെ ആയിരുന്നു. ദീനെ ഇലാഹി പോലെ സർവമത സത്യസിദ്ധാന്തം. സെബുന്നീസയുടെ കവിതകളിൽ ജീസസും ഉണ്ടായിരുന്നു സെബുന്നീസ എഴുതി: "Whether it be in Mecca’s holiest shrine, Or in the Templ...

തലമുറകളുടെ വികാരത്തിനുമപ്പുറം

ഒരു ലോകകപ്പ് സീസണിലോ യൂറോ,കോപ്പ സീസണുകളിലോ ഒക്കെ തിളച്ചു പൊന്തുന്ന വികാരം മാത്രമാണ് നമ്മൾക്കൊക്കെ ഓരോ രാജ്യങ്ങളോടുള്ള ഇഷ്ടം. ബ്രസീലിലെ അഴിമതിക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചൊന്നുമല്ല ഇOങ്ങ് മലപ്പുറത്തെ കവലകളിൽ നെയ്മറിന്റെയും കൂട്ടരുടെയും ഫ്ലക്സ് പൊങ്ങാറുള്ളത്.  നമ്മുടെ വികാരം ഫുട്ബോൾ മാത്രമാണ്.  ഫുട്ബോൾ മാത്രം.. എന്നാൽ, നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങളുടെ കനലുകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ക്ലബ് പതാകകൾ പോലും കയ്യിലേന്തുന്ന വലിയൊരു സമൂഹത്തിനു ഫുട്‍ബോൾ ഒരു പോരാട്ടം തന്നെയാണ്. തോൽക്കാൻ മാത്രം ഗ്രൗണ്ടിൽ ഇറങ്ങുന്ന ക്ലബുകൾക്ക് പോലും ആർത്തിരമ്പുന്ന ഫാൻസ്‌ ഉണ്ടാവുന്നതിന് പിന്നിൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.. സ്പെയിനിനും ഫ്രാൻസിനും ഇടക്കുള്ള പ്രദേശമാണ് 'ബാസ്‌ക്'. 50 വർഷം നീണ്ട സ്വാതന്ത്ര്യസമര പോരാട്ടം നടത്തിയ ബാസ്‌ക്‌കാർക്കു ഇന്നലത്തെ ദിനം ഒരു ചരിത്ര ദിനമാണ്. ബാസ്‌ക് ഭാഷ സംസാരിക്കുന്ന കാൽക്കോടി ജനതയ്ക്ക് സ്വന്തമായി ഒരു രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പോരാടിയ ബാസ്കിലെ separatist കൾ ആയറിയപ്പെടുന്ന ETA അര നൂറ്റാണ്ടിനു ശേഷം  ഇന്നലെ ആയുധം വെച്ചു കീഴട...